india

കവളപ്പാറ ഉരുള്‍പൊട്ടല്‍; 11 പേരെ കണ്ടെത്താനുള്ള തിരച്ചില്‍ പ്രതി സന്ധിയില്‍ ആരെയും കണ്ടെത്താനായില്ല

Tiju Kannampally  ,  2019-08-23 10:23:42pmm

മലപ്പുറം : കവളപ്പാറ ഉരുള്‍പൊട്ടലില്‍പ്പെട്ട് കാണാതായ 59 പേരില്‍ 48 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇനി 11 പേരെയാണ് കണ്ടെത്താനുള്ളത്. എന്നാല്‍ കവളപ്പാറയില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടത്തിയ തിരച്ചിലില്‍ ആരെയു കണ്ടെത്താനായില്ല. ദേശീയ ദുരന്ത നിവാരണ സേന, പോലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദുരന്തം നടന്നതുമുതല്‍ കവളപ്പാറയില്‍ തിരച്ചില്‍ നടത്തുന്നത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലവും പരിസരങ്ങളും ഇതിനകം തന്നെ രണ്ട് തവണകളായി മണ്ണ് നീക്കി തെരഞ്ഞു കഴിഞ്ഞു.

 

എന്നാല്‍ ചൊവ്വാഴ്ചയാണ് ഇവിടെ നിന്നും അവസാനമായി മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞത്. അതുതന്നെ പലഭാഗങ്ങളായാണ് കിട്ടിയത്. ഈ സാഹചര്യത്തില്‍ ഇനി മൃതദേഹം കണ്ടെടുക്കാനാവുമെന്ന പ്രതീക്ഷ കുറഞ്ഞത്. എന്നാല്‍ കാണാതായവരുടെ മൃതദേഹം വിശ്വാസപരമായി സംസ്‌ക്കരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബന്ധുക്കള്‍. ഇനി കണ്ടെത്താനുള്ള പതിനൊന്നുപേരില്‍ ഒമ്ബതു പേര്‍ ആദിവാസികളാണ്.

 

അതേസമയം കാണാതായവരുടെ മൃതദേഹം കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചിട്ടുണ്ട്. " കവളപ്പാറയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും" എന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആന്റണി ഡൊമിനിക് പറഞ്ഞു.



Latest

Copyrights@2016.