america

കാശ്മീര്‍ വിഷയത്തില്‍ അക്രമമകരമായി ഇന്ത്യയോട് പ്രതികരിക്കരുതെന്ന് പാകിസ്ഥാനെ ഉപദേശിച്ച്‌ അമേരിക്ക

Tiju Kannampally  ,  2019-08-07 10:21:53pmm

വാഷിംഗ്‌ടണ്‍: കാശ്മീര്‍ വിഷയത്തില്‍ അക്രമമകരമായി ഇന്ത്യയോട് പ്രതികരിക്കരുതെന്ന് പാകിസ്ഥാനെ ഉപദേശിച്ച്‌ അമേരിക്ക. പാകിസ്ഥാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക് എതിരെ പ്രത്യക്ഷമായി തന്നെ ഇന്ത്യ നടപടി എടുക്കണമെന്നും അവരെ അമര്‍ച്ച ചെയ്യണമെന്നും അമേരിക്ക പറഞ്ഞു. നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കരുതെന്നും പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കയുടെ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയില്‍ പെട്ട സെനറ്റര്‍മാറാണ് ഈ വിഷയത്തിലുള്ള തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.

 

ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയിലെ സെനറ്റര്‍ റോബര്‍ട്ട് മെനെന്‍ഡെസും കോണ്‍ഗ്രസ്മാന്‍ എലിയട്ട് എന്‍ഗെലുമാണ് സംയുക്തമായി ഇത്തരത്തില്‍ പാകിസ്ഥാനെ ഉപദേശിച്ചത്. കാശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലും രണ്ടുപേരും ആശങ്ക പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലയില്‍, തുല്യാവകാശങ്ങളെ കുറിച്ചും, എല്ലാവര്‍ക്കും തുല്യത നല്‍കുന്ന നിയമങ്ങളെ കുറിച്ചും ജനങ്ങള്‍ക്ക് നല്ല കാഴ്ചപാട് നല്‍കേണ്ട കടമ ഇന്ത്യയ്ക്കുണ്ടെന്നും ഇവര്‍ പറഞ്ഞു.

 

ആളുകള്‍ സംഘം ചേരുന്നതിലും, വിവരങ്ങളും വാര്‍ത്തകളും അറിയുന്നതിലും ഇന്ത്യ വിലങ്ങുതടികള്‍ സൃഷ്ടിക്കരുതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സുതാര്യതയും രാഷ്ട്രീയ പങ്കാളിത്തവുമാണ് ഒരു ജനാധിപത്യ രാജ്യത്തിന്റെ ലക്ഷണമെന്നും കാശ്മീര്‍ വിഷയത്തില്‍ ഇക്കാര്യം ഇന്ത്യ മനസില്‍ വയ്ക്കും എന്നാണ് തങ്ങള്‍ വിചാരിക്കുന്നതെന്നും ഈ അമേരിക്കന്‍ പ്രതിനിധികള്‍ ഇന്ത്യയെ അറിയിച്ചു.



Latest

Copyrights@2016.